മണ്ണാർക്കാട് അലനല്ലൂരിൽ റൂഫിന് മുകളിൽ കയറിപ്പോയ രണ്ട് വയസുകാരിക്ക് അത്ഭുതകരമായ രക്ഷ. അലനല്ലൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായുള്ള എസ്റ്റേറ്റുംമ്പടി പ്രദേശത്താണ് ഇന്നലെ വൈകുന്നേരം സംഭവം നടന്നത്.
ഇവിടെ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളി കുടുംബത്തിലെ രണ്ട് വയസുകാരിയായ പെൺകുട്ടിയാണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം പ്ലാസ്റ്റിക് കമ്പനിയിലെ തൊഴിലാളികൾ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതാകുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. റൂമിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്കിടയിലൂടെ വലിഞ്ഞുകയറി കുട്ടി നേരെ റൂഫിന് മുകളിലേക്ക് കയറിപ്പോയിരിക്കുകയായിരുന്നു. ചാക്കുകൾ കൂട്ടിയിട്ടത് പടികൾ പോലെയായതിനാൽ കുട്ടിക്ക് അനായാസം മുകളിലേക്ക് കയറാൻ സാധിക്കുകയായിരുന്നു. റൂഫിന് മുകളിൽ യാതൊരു സംരക്ഷണ ഭിത്തിയും ഇല്ലാത്തതിനാൽ ഏത് നിമിഷവും കുട്ടി താഴേക്ക് വീഴാവുന്ന അതീവ അപകടകരമായ സാഹചര്യമായിരുന്നു.
ഈ സമയം അവിടെ ഉണ്ടായിരുന്ന നിർമ്മാണ തൊഴിലാളിയായ ശിഹാബുദ്ദീൻ എന്നയാളാണ് കുട്ടിയെ കണ്ടത്. ഒട്ടും സമയം കളയാതെ അദ്ദേഹം അതേ പ്ലാസ്റ്റിക് ചാക്കുകൾ വഴി തന്നെ റൂഫിന് മുകളിലേക്ക് കയറി കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി താഴെ എത്തിക്കുകയായിരുന്നു. ശിഹാബുദ്ദീന്റെ സമയോചിതമായ ഇടപെടലാണ് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്.
കൃത്യസമയത്ത് സംഭവം ശ്രദ്ധയിൽ പെട്ടതുകൊണ്ട് ഒഴിവായത് വലിയ ദുരന്തമാണ്. കുട്ടിക്ക് പരിക്കുകളൊന്നും ഇല്ല. വിവരമറിഞ്ഞ് നാട്ടുകാരും ഓടിയെത്തിയിരുന്നു.
കുട്ടികളുള്ള വീടുകളിൽ ഇത്തരം അപകടകരമായ രീതിയിൽ സാധനങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും എപ്പോഴും കുട്ടികളെ ശ്രദ്ധിക്കണമെന്നും നാട്ടുകാർ പറയുന്നു. രണ്ട് വയസുകാരിയെ രക്ഷിച്ച ശിഹാബുദ്ദീന് നാട്ടുകാർ അഭിനന്ദനങ്ങൾ അറിയിച്ചു.

