ഒറ്റപ്പാലം: ഒറ്റപ്പാലം ലക്കിടി മുളഞ്ഞൂരിൽ ഹിറ്റാച്ചിക്ക് അടിയിൽപ്പെട്ട് ഓപ്പറേറ്റർ മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവാണ് മരിച്ചത്. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

മുളഞ്ഞൂരിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടം നടന്നത്. മുറിച്ചിട്ട മരത്തടികൾ ലോറിയിലേക്ക് കയറ്റാനായി കൊണ്ടുവന്നതായിരുന്നു ഹിറ്റാച്ചി. മരത്തടികൾ മുഴുവൻ ലോറിയിലേക്ക് കയറ്റി പണികൾ പൂർത്തിയാക്കിയ ശേഷം ഹിറ്റാച്ചി തിരികെ ലോറിയിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.

ലോറിയിലേക്ക് കയറ്റുന്നതിനിടയിൽ നിയന്ത്രണം തെറ്റി ഹിറ്റാച്ചി മറിയുകയായിരുന്നു. മറിഞ്ഞപ്പോൾ ഓപ്പറേറ്റർ ഹിറ്റാച്ചിയുടെ അടിയിൽപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി.

വിവരം അറിഞ്ഞ് ഒറ്റപ്പാലത്ത് നിന്ന് ഫയർഫോഴ്സും ലക്കിടി പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഹിറ്റാച്ചി ഉയർത്തി യുവാവിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ച യുവാവ് വെസ്റ്റ് ബംഗാൾ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം, ഇയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബന്ധുക്കളെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

സമീപകാലത്ത് ജില്ലയിൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലയിടത്തും ഇത്തരം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *