ഒറ്റപ്പാലം: പനമണ്ണ പുതുമനപ്പറമ്പിൽ ശക്തമായ മഴയിൽ വീട് തകർന്നുവീണ് ദമ്പതികൾക്ക് പരിക്കേറ്റു. പുതുമനപ്പറമ്പിൽ 58 കാരനായ വേലായുധനാണ് തലയ്ക്ക് പരിക്കേറ്റത്. ഭാര്യ 49 കാരിയായ ബേബിക്ക് കാലിനും പരിക്കേറ്റു. വീടിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തിയ നിലയിലാണ്.

ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. വേലായുധനും ഭാര്യ ബേബിയും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയിൽ കട്ടിലിൽ കിടന്നുറങ്ങുന്നതിനിടെയാണ് ചിതലെടുത്ത് ശോചനീയമായ അവസ്ഥയിലായിരുന്ന വീടിന്റെ മേൽക്കൂരയും ചുമരിന്റെ ചില ഭാഗങ്ങളും ഇടിഞ്ഞുവീണത്. ഉറക്കത്തിലായിരുന്ന ഇവരുടെ ദേഹത്തേക്ക് ഓട് പതിക്കുകയായിരുന്നു.

ബേബിയുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് തകർന്ന മേൽക്കൂരയ്ക്കടിയിൽ കുടുങ്ങിക്കിടന്ന ഇരുവരെയും ഏറെ പണിപ്പെട്ട് പുറത്തെടുത്തു. ഉടൻ തന്നെ ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബമാണ് വേലായുധന്റേത്. വർഷങ്ങളായി ഈ പഴയ ഓടിട്ട വീട്ടിലാണ് ഇവർ താമസം. മേൽക്കൂര മുഴുവൻ ചിതലെടുത്ത് എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കൂട്ടു സ്വത്തായ ഭൂമിയിൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാരിന്റെ ഒരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വേലായുധൻ പറയുന്നു. ലൈഫ് മിഷൻ ഉൾപ്പെടെ പല പദ്ധതികളിലും അപേക്ഷ നൽകിയെങ്കിലും ഭൂമിയുടെ ആധാരം സംബന്ധിച്ച തർക്കം കാരണം അപേക്ഷകൾ നിരസിക്കപ്പെടുകയായിരുന്നു. സ്വന്തമായി ഭൂമിയുടെ രേഖയില്ലാത്തതാണ് തിരിച്ചടിയായത്.

വീട് ഇപ്പോൾ പൂർണമായും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതിനാൽ ഇവർ മനിശ്ശേരിയിലെ ബന്ധു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്.

വിവരമറിഞ്ഞ് ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ജയസുധയും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു. ഇവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പഴക്കമുള്ള വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *