ജനകീയാസൂത്രണ പ്രസ്ഥാനം മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തില്‍, തുടര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ദിശാനിര്‍ണയം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സംവാദം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജുവിന്റെ അധ്യക്ഷനായി. മുന്‍ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് സംവാദത്തിന് നേതൃത്വം നല്‍കി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 30 വര്‍ഷത്തെ ഓര്‍മയ്ക്കായി ഓര്‍മമരം നട്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്.

കാലാവസ്ഥാ വ്യതിയാനം, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍, തൊഴില്‍ സുരക്ഷിതത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണനിലവാരമുള്ള പരിപാടികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ടതെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അക്കാദമിക പിന്തുണ നല്‍കാന്‍ ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ആസൂത്രണ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ജില്ലാതല വികസന ഡെസ്‌കുകള്‍ രൂപീകരിക്കാന്‍ സംവാദത്തില്‍ തീരുമാനമായി. പുതുതലമുറ വികസന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട സമീപനങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ ഈ ചര്‍ച്ച സഹായകമായി.

തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍, ആസൂത്രണ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 253 പേര്‍ സംവാദത്തില്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എ.മാരായ അഡ്വ. കെ. ശാന്തകുമാരി, വി. ചെന്താമരാക്ഷന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സരിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കലാധരന്‍, തങ്കവേലു, ബിനു, ഫെബിന്‍, ശാരദാ ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഇടപെടല്‍ നടത്തേണ്ട വികസന മേഖലകളെക്കുറിച്ച് സംസ്ഥാന റിസോഴ്‌സ് ഹബ് കണ്‍വീനര്‍ കെ. ശിവകുമാര്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ വിമല്‍രാജ് സ്വാഗതവും ജില്ലാ റിസോഴ്സ് ഹബ് കണ്‍വീനര്‍ വൈ. കല്യാണകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *