തിരുമ്മിറ്റക്കോട് ദുബായ് റോഡിൽ വച്ച് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പാലം കോതകുറുശ്ശിയിൽ  തടവിൽ പാർപ്പിച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് ഇപ്പോൾ 2 പ്രധാന കണ്ണികൾ കൂടി പിടിയിലായത്. ഒറ്റപ്പാലം കണ്ണിയംപുറം ജെകെ നഗർ ചാത്തൻപിലായ്ക്കൽ വിഷ്ണു എന്ന സൽമാൻ, കാസർകോട് ഭീമനടി ചിറ്റാരിക്കൽ ഒറ്റത്തെയിൽ ഷമീർ  എന്നിവരെയാണു ക്രൈം ബ്രാഞ്ചിൻ്റെ പ്രത്യേക സംഘം കോഴിക്കോട്ടു നിന്നു സാഹസികമായി പിടികൂടിയത്. കോഴിക്കോട് മാവൂരിലെ ഫ്ലാറ്റിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് പാലക്കാട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം  ഫ്ലാറ്റിലെത്തി . അകത്തേക്ക് കടന്നതോടെ  വിഷ്ണു സൽമാൻ പോലീസിന് നേരെ തോക്ക് ചൂണ്ടി. പിന്നാലെ മറ്റൊരാൾ പടക്കമെറിഞ്ഞു. മൽപ്പിടുത്തങ്ങൾക്കൊടുവിൽ പോലീസ് സാഹസികമായി സ്ഥലത്തുണ്ടായിരുന്ന നാലു പേരെ കയ്യോടെ പൊക്കി. വ്യവസായിയെ  തട്ടിക്കൊണ്ടുപോയ കേസിൽ 

വിഷ്ണുവിനെയും  ഷമീറിനെയും, പോലീസിനെ ആക്രമിച്ച   കേസിൽ മറ്റു രണ്ടുപേരെയും പ്രതിചേർത്തു പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. 2025 ഡിസംബർ ആറിനായിരുന്നു പ്രവാസി വ്യവസായിയായ  മലപ്പുറം വണ്ടൂർ പൂങ്ങോട് വലിയപീടിയേക്കൽ വി.പി.മുഹമ്മദലിയെ തോക്ക് ചൂണ്ടി സംഘം തട്ടിക്കൊണ്ടുപോയത്.

പിന്നീട് കോതകുറുശ്ശി പത്തംകുളത്തെ പുട്ടിയിട്ട വീട്ടിൽ എത്തിച്ച ശേഷം വിഡിയോ ചിത്രീകരിച്ചു ബന്ധുക്കൾക്ക് അയച്ച് 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണു കേസ്. ഈ വീട്ടിൽ നിന്നും സംഘത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട വ്യവസായി  വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിന്റെ  മുഖ്യസൂത്രധാരൻ വ്യവസായിയുടെ ബന്ധു പൂങ്ങോട് സ്വദേശി സിയാസ് ആണെന്നു തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഇയാളെ മാസങ്ങൾക്കു മുൻപ് അറസ്‌റ്റ് ചെയ്ത‌ിരുന്നു. മാവൂരിൽ നിന്നും പിടിയിലായ രണ്ടുപേർ ഉൾപ്പെടെ ആകെ  22 പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. ഏതാനും പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *