പാലക്കാട് പുതുകോട് എം സി പാലസ് എന്ന വിവാഹ മണ്ഡപത്തിൽ നടന്ന കല്യാണവിരുന്നിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 45 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായാണ് വിവരം. എന്നാൽ ഇനിയും കൂടുതൽ പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നുമുണ്ട്. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ശനിയാഴ്ച വൈകിട്ട് മൈലാഞ്ചി ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് ഞായറാഴ്ച ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതാണ് പലരും ചികിത്സ തേടാൻ കാരണം. പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നിമിതയുടെ നേതൃത്വത്തിൽ മണ്ഡപത്തിലെ ജലം പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലം വന്നാൽ മാത്രമേ മണ്ഡപത്തിൽ നിന്നും ഉപയോഗിച്ച ജലത്തിലൂടെ ആണോ വിഷബാധ ഉണ്ടാവാൻ കാരണമെന്ന് പറയാനാവു. അതോടൊപ്പം പരിസരത്ത് ചിക്കൻ വാങ്ങിയ കടയിൽ പരിശോധന നടത്തുമെന്നും, കാറ്ററിംഗ് നടത്തിയവരുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നുണ്ട്.


