പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്കൂളിലും ആണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സ്കൂൾ വിട്ട സമയത്ത് ഗ്രൗണ്ടിൽ വെച്ച് കുമരനല്ലൂർ സ്കൂളിലെ ഒമ്പതാം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി, വൈകുന്നേരം അഞ്ചരയോടെ എഞ്ചിനീയറിംഗ് റോഡിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തന്റെ സഹോദരനുമായി ബൈക്കിലെത്തി വീണ്ടും മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിനിടെ നിലത്തുവീണ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കൈക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ പ്രായപൂർത്തിയായ ഒരാൾ ഉൾപ്പെടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്കൂളിന് പുറത്തുവെച്ചാണ് മറ്റൊരു സംഘർഷം നടന്നത്. നിലവിൽ പ്ലസ് ടുവിൽ പഠിക്കുന്ന വിദ്യാർത്ഥികളും, പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ വാങ്ങാൻ സ്കൂളിലെത്തിയവരും തമ്മിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വാക്കേറ്റവും തുടർന്ന് അടിപിടിയും ഉണ്ടായത്. സംഘർഷത്തിൽ പ്ലസ് ടു വിദ്യാർത്ഥികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയുടെ തലയ്ക്കും, മറ്റൊരു കുട്ടിയുടെ തോളിലുമാണ് പരിക്കേറ്റത്. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.
വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ഇത്തരം സംഘർഷങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് തൃത്താല പോലീസ് അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *