പാലക്കാട് തൃത്താല കൂടല്ലൂരിൽ ഹോട്ടലിൽ മോഷണം. പലഹാര അലമാര ഗുഡ്സ് ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി. മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടല്ലൂർ ജാറം റോഡിന് സമീപത്തെ അറഫ ഹോട്ടലിൽ നിന്നാണ് പലഹാര അലമാര കടത്തിക്കൊണ്ട് പോയത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് മോഷണം നടന്നത്. രാവിലെ ഹോട്ടൽ തുറക്കാനെത്തിയ ഉടമ അസീസ് ഹോട്ടലിന് പുറത്തുണ്ടായിരുന്ന പലഹാര അലമാര കാണാതായതോടെയാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ കുമ്പിടി ഭാഗത്ത് നിന്ന് എത്തിയ ഗുഡ്സ് ഓട്ടോറിക്ഷ കൂടല്ലൂർ ജാറം റോഡിൽ നിന്ന് തിരിഞ്ഞ് ഹോട്ടലിന് മുന്നിൽ നിർത്തുന്നതും, വാഹനത്തിൽ നിന്ന് ഇറങ്ങിയ യുവാവ് ഹോട്ടലിന് പുറത്തുണ്ടായിരുന്ന അലമാര എടുത്ത് ഗുഡ്സ് ഓട്ടോയിൽ കയറ്റി കടന്നുകളയുന്നതും വ്യക്തമായി കാണാം.

