കാലവർഷത്തിന്റെ ഭാഗമായി പുഴയിലെ ജലനിരപ്പും റെഗുലേറ്ററുകളുടെ സ്ഥിതിയും മനസ്സിലാക്കാൻ പാലക്കാട് ജില്ലാ കളക്ടർ കെ സുധീർ പട്ടാമ്പി തൃത്താല മേഖലകളിൽ സന്ദർശനം നടത്തി. പട്ടാമ്പിയിൽ ഭാരതപ്പുഴ, പാലം എന്നിവിടങ്ങളിലും തൃത്താലയിൽ വെള്ളിയാങ്കല്ല് റെഗുലേറ്റർ എന്നിവിടങ്ങൾ സന്ദർശിച്ചു. പട്ടാമ്പിയിലെ സ്ഥിതിഗതികളെ കുറിച്ച് മുഹമ്മദ് മുഹ്സിൻ എംഎൽഎയുമായി ചർച്ച നടത്തി.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ പട്ടാമ്പി മണ്ഡലം ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. ജില്ലാ കളക്ടർ നേരിട്ടെത്തി പട്ടാമ്പി പാലം പരിസരങ്ങളിലെ ജലനിരപ്പും മറ്റ് സ്ഥിതിഗതികളും വിലയിരുത്തി. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ഉണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് പട്ടാമ്പിയിലെത്തിയ ജില്ലാ കളക്ടറുമായി മുഹമ്മദ് മുഹ്സിൻ ചർച്ച നടത്തി. വെള്ളിയാംകല്ലിലെ 27 ഷട്ടറുകളിൽ 23 എണ്ണമാണ് നിലവിൽ തുറന്നിട്ടുള്ളത്. ബാക്കി 4 ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് കളക്ടറുടെയും ഇറിഗേഷൻ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള തയ്യാറെടുപ്പുകളും എംഎൽഎ വിലയിരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *