പട്ടാമ്പിയിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നേരയാക്കാത്തതിൽ MLA യുടെയും ചെയർമാൻ്റെയും കൗൺസിലറുടെയും പേരിൽ വാഴ വെച്ച് ബിജെപി പ്രതിഷേധം. പട്ടാമ്പി നഗര ഹൃദയത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ ആശ്രയിക്കുന്ന പന്തക്കൽ റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. വീതികുറഞ്ഞ റോഡിൽ കുഴിയെടുത്ത് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ കഴിഞ്ഞതോടെ തകർച്ച രൂക്ഷമായി. മഴപെയ്തതോടെ ദുരിതം ഇരട്ടിയായി. പട്ടാമ്പി ഗവ ഹയർസെക്കൻഡറി സ്കൂളിലേക്ക് നിരവധി വിദ്യാർത്ഥികൾ വരുന്ന വഴിയാണിത്. ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയത്. MLA, CHAIRMAN, COUNSILOR എന്നിങ്ങനെയുള്ള വാഴകൾ കുഴിയിൽ വെച്ചായിരുന്നു പ്രതിഷേധം. വിഷയത്തിൽ കൗൺസിലർക്കും ചെയർമാനും എംഎൽഎ ഒത്താശ ചെയ്യുകയാണെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.വലിയ വരുമാനമുള്ള നഗരസഭ ജനങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് യാതൊന്നും ചെയ്യുന്നില്ലെന്നും നേതാക്കൾ ആക്ഷേപം ഉന്നയിച്ചു. സ്കൂളിലേക്കും ക്ഷേത്രങ്ങളിലേക്കും ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലേക്കും നിരവധി ആളുകൾ സഞ്ചരിക്കുന്ന പാതയാണിത്. പട്ടാമ്പി നഗരത്തിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായാൽ ഇതിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അങ്ങനെയുള്ള റോഡ് തകർന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾക്ക് യാതൊരു വിലയും അധികൃതർ നൽകുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. നിലവിൽ മൂന്ന് വാർഡുകളുടെ കടന്നുപോകുന്ന പാത ഭൂരിഭാഗം പ്രദേശങ്ങളിലും തകർന്നു കിടക്കുകയാണ്. മഴപെയ്താൽ കുഴികളിൽ വെള്ളക്കെട്ടും രൂക്ഷമാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും ദേഹത്തേക്ക് ചെളി തെറിക്കുന്ന അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് കുഴികൾ അടയ്ക്കാനുള്ള നടപടികളെങ്കിലും സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ബിജെപി 147ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ബൂത്ത് പ്രസിഡന്റ കൃഷ്ണപ്രദീപ്, ജനറൽ സെക്രട്ടറി സഞ്ചയൻ, മുനിസിപ്പാലിറ്റി പ്രസിഡന്റ് പ്രമോദ്, മണ്ഡലം വൈസ് പ്രസിഡൻ്റ് സുരേഷ് , കൺവീനർ മണികണ്ഠൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു .



