പാലക്കാട് : അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പൊലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തി നശിപ്പിച്ചു. അഞ്ച് മാസം പ്രായമെത്തിയ 1400 ഓളം കഞ്ചാവ് ചെടികളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി തീയിട്ട് നശിപ്പിച്ചത്. അഗളി സബ് ഡിവിഷനിലെ ഡാൻസാഫ്, ആൻ്റി നക്സൽ ഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് വന മേഖലയിൽ പരിശോധന നടത്തിയത്.

ഇടവാണിമലയുടെ കിഴക്കേ അടിവാരത്ത് 260 തടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്‌തിരുന്നത്. ലഹരി വസ്തുക്കൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ പൊലീസ് മേധാവി അബ്ദുൽ റാഷിദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സംയുക്ത നീക്കം.

പുതൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുനിൽ, ഡാൻസാഫ് എസ്.ഐ.എം സുഭാഷ്, എസ്.ഐ സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലഹരി വേട്ടയ്ക്ക് ചുക്കാൻ പിടിച്ചത്. സംഭവത്തിൽ കൃഷി നടത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *