ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 10 കിലോ കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായാണ് പരിശോധന നടന്നത്. ഷോൾഡർ ബാഗിൽ നിന്ന് 10 കിലോയോളം കഞ്ചാവാണ് റെയിൽവേ പോലീസ് കണ്ടെടുത്തത്. പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും പോലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ബാഗ് ശ്രദ്ധയിൽപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ബാഗ് തുറന്നു പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ലഹരി മാഫിയകൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ പരിശോധന കടുപ്പിച്ചതോടെ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


