ദിവസവും ഉച്ചകഴിഞ്ഞാൽ ഒറ്റപ്പാലം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നില്ല എന്നിൽ പരാതിക്കും പ്രതിസന്ധിക്കുമാണ് ഇപ്പൊൾ പരിഹാരം കണ്ടത്. കൂടിക്കാഴ്ച നടത്തി താൽക്കാലിക അടിസ്ഥാനത്തിൽ 2 ഡോക്ടർമാരെ നിയമിച്ചാണു സായാഹ്ന ഒപി പുനരാരംഭിച്ചത്. ഒരാളുടെ വേതനം എച്ച്എംസിയും മറ്റൊരാളുടേതു നഗരസഭയും വഹിക്കും. ദിവ സവും ഉച്ചകഴിഞ്ഞു 2 മുതൽ രാത്രി 8 വരെയാണു സായാഹ്ന ഒപി പ്രതിവർത്തിക്കുക.
ഉച്ചകഴിഞ്ഞശേഷവും രാത്രി സമയങ്ങളിലും അത്യാഹിത വിഭാഗത്തിൽ തിരക്കു നിയന്ത്രിക്കുന്നതിനായി തുടങ്ങിയ സായാഹ്ന ഒപി ഡോക്ടർമാരുടെ കുറവുമൂലം കഴിഞ്ഞ മേയിലാണു നിർത്തിയത്. നേരത്തെ താൽക്കാലികമായി നിയമിക്കപ്പെട്ടിരുന്ന ഡോക്ടർമാർ സേവനം നിർത്തിയതോടെ തുടങ്ങിയതാണു പ്രതിസന്ധി.
പിന്നീട് ഇതുവരെ ഉച്ചകഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിലായിരുന്നു ചികിത്സ. ഇത് അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്കും വലിയ ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലും പതിവായി ഒരു ഡോക്ടറുടെ സേവനമാണുള്ളത്. അത്യാഹിത വിഭാഗത്തിൽ മണിക്കൂറുകളുടെ കാത്തുനിൽപ്പ് ചില ഘട്ടങ്ങളിൽ പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇനി രാത്രി 8ന് സായാഹ്ന ഒപി തീർന്ന ശേഷം എത്തുന്ന രോഗികൾക്ക് അത്യാഹിത വിഭാഗത്തെ ആശ്രയിക്കാം.

