ഒറ്റപ്പാലത്ത് ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 8.00 മണിക്കായിരുന്നു ഒറ്റപ്പാലം നഗരത്തിൽ സംഭവമുണ്ടായത്. 17 ഫ്ളോറുകൾ ഉള്ള ഫ്ലാറ്റിൽ നിന്നും താഴേക്കിറങ്ങുകയായിരുന്ന വനിതാ ഡോക്ടറാണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോയത്. രണ്ടാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് സ്റ്റക്ക് ആവുകയായിരുന്നു. ഇവർ ജോലിക്ക് പോകാൻ ആയി താഴേക്ക് ഇറങ്ങുകയായിരുന്നു. മുക്കാൽ മണിക്കൂറുകളോളം ഇവർ ഉള്ളിൽ അകപ്പെട്ടു. ലിഫ്റ്റ് ഓപ്പറേറ്റർമാർ ശ്രമിച്ചിട്ടും തുറക്കാൻ കഴിയാതെ വന്നതോടെ ഷൊർണൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി വി പ്രസാദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് അംഗങ്ങൾ എത്തിയാണ് ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ലൈഫ് ഡോർ അകത്തി ആളെ പുറത്തെത്തിച്ചത്.

