കേരള പൊലീസിൻ്റെ ലഹരി വിരുദ്ധ പദ്ധതിയായ തൂഫാൻ്റെ പ്രചരണാർത്ഥവും സ്‌പോർട്‌സിനൊപ്പം നിൽക്കൂ, ലഹരിയെ അകറ്റൂ’ എന്ന മുദ്രാവാക്യവുമായി കേരള പൊലീസ് അത്‌ലറ്റിക് മീറ്റ് 2026ൻ്റെയും ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാരത്തോണിനും ദീപശിഖാ പ്രയാണത്തിനുമാണ് പട്ടാമ്പിയിൽ വൻ വരവേൽപ്പ് നൽകിയത്. മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി എത്തിയ യാത്രയെ പുലാമന്തോൾ പാലത്തിൽ നിന്നും പാലക്കാട് ജില്ലയിലേക്ക് സ്വീകരിച്ചു. പട്ടാമ്പിയിൽ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വരവേൽപ്പ് നൽകി. സ്വീകരണ യോഗം മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി അധ്യക്ഷനായി. നകുൽ രാജേന്ദ്ര ദേശ്മുഖ് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് അഡീഷണൽ എസ്പി സി ആർ സന്തോഷ് കുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജിതേഷ് മോഴിക്കുന്നം, ഷോർണൂർ ഡിവൈഎസ്പി കെ സി വിനു, പട്ടാമ്പി സർക്കിൾ ഇൻസ്പെക്ടർ എ ദീപ കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും മുരളിധരൻ വേളേരി മഠത്തിന്റെ മാജിക് ഷോയും അരങ്ങേറി. കാസർകോട്ട് നിന്നും തിരുവനന്തപുരം വരെയാണ് ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം ലക്ഷ്യമാക്കി സെപ്റ്റംബർ എട്ട് വരെയാണ് മാരത്തോൺ നടക്കുന്നത്



