പാലക്കാട് തൃത്താല കുമ്പിടി ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒരാൾക്ക് കടിയേറ്റു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മൂന്നുപേർക്ക് നായയുടെ ആക്രമണം ഉണ്ടാവുകയും ചെയ്തു. കുമ്പിടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിൽവെച്ച് ജീവനക്കാരന്റെ കാലിലാണ് നായയുടെ കടിയേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഇതേ നായ തന്നെയാണ് പിന്നീട് പ്രദേശത്ത് വെച്ച് മറ്റു മൂന്നുപേരെക്കൂടി ആക്രമിക്കാൻ ശ്രമിച്ചത്. വസ്ത്രത്തിന് മുകളിലാണ് മൂവർക്കും കടിയേറ്റത്. ആർക്കും കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും നായയുടെ ആക്രമണത്തിന് ഇരയായവരെല്ലാം ഉടൻ തന്നെ ആശുപത്രികളിൽ എത്തി ചികിത്സ തേടിയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ നായപിടുത്തക്കാരെ വരുത്തി നായയെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, അതിനുമുമ്പേ തന്നെ ആക്രമണം നടത്തിയ നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്.

