പാലക്കാട് കാവശ്ശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയുപ്പ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.
സ്വന്തം പേരക്കുട്ടികളായ രണ്ട് കുട്ടികൾ തമ്മിലുണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. സുലൈമാന്റെ മകളുടെ മകനായ 16-കാരൻ 10 വയസ്സുള്ള സ്വന്തം സഹോദരിയുമായി വഴക്കിടുകയായിരുന്നു. തർക്കം മൂത്തതോടെ 16-കാരൻ കത്തിയെടുത്ത് അനിയത്തിയെ കുത്താൻ ശ്രമിച്ചു.
ഇത് കണ്ട വലിയുപ്പയായ സുലൈമാൻ പത്ത് വയസ്സുകാരിയെ രക്ഷിക്കാൻ ഓടിയെത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാന് കുത്തേറ്റത്. കുട്ടിയെ ലക്ഷ്യമിട്ടുള്ള കുത്ത് വലിയുപ്പയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 19-ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. നെഞ്ചിനും കഴുത്തിനും വയറിനുമായി മൂന്ന് ഭാഗത്താണ് സുലൈമാന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംഭവത്തിന് ശേഷം 16-കാരൻ വീട്ടിൽ നിന്ന് ഒളിവിൽ പോയിരുന്നു. വിവരമറിഞ്ഞെത്തിയ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
കുട്ടികള്‍ തമ്മിലുള്ള നിസാര തര്‍ക്കമാണ് ഒരു ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത് എന്നത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

