മണ്ണാർക്കാട് പുലാപ്പറ്റ വെട്ടംപറമ്പിൽ 6 മാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടംപറമ്പ് കിഴക്കേതിൽ കൃഷ്ണകുമാർ – സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. അർദ്ധരാത്രിയിൽ കുട്ടിക്ക് മുലപ്പാൽ നൽകി അടുത്ത് കിടത്തിയതാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. രാവിലെ 7 മണിയായിട്ടും കുട്ടി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ കുട്ടിയെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. പാൽ തൊണ്ടയിൽ കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്. ലോഡിംഗ് തൊഴിലാളിയാണ് കൃഷ്ണകുമാർ. 6 വയസ്സുള്ള അശ്വിതയാണ് സഹോദരി. സംഭവത്തിൽ പുലാപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
