വില്ലേജ് ഓഫീസ് അടച്ചിട്ട് ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ. വില്ലേജിലേക്ക് വന്ന പലരും ഓഫീസർ ഇല്ലെന്ന് കരുതി മടങ്ങിപ്പോകുന്നതും പതിവായി. പാലക്കാട് കണ്ണാടി ഒന്ന് വില്ലേജിലാണ് സംഭവം. റോഡിൽ നിന്ന് നോക്കിയാൽ വില്ലേജ് ഓഫീസ് അടച്ചതായാണ് കാണുന്നത്. കാരണം നേരെ കാണുന്നതാണ് വില്ലേജ് ഓഫീസറുടെ മുറി. ഇവിടേക്ക് കയറി വന്നാൽ മാത്രമേ വശത്തുള്ള ഓഫീസ് തുറന്നത് കാണുകയുള്ളൂ. ഇത് കാരണം വില്ലേജ് ഓഫീസറെ കാണേണ്ടവർ അദ്ദേഹം സ്ഥലത്തില്ല എന്ന് പറഞ്ഞ് മടങ്ങുന്നത് പതിവായിരുന്നു. പിന്നീടാണ് വാതിലടച്ച് ഓഫീസർ അതിനകത്തുണ്ട് എന്ന് അവർ അറിയുന്നത്. സാധാരണക്കാരെ കാണാൻ താല്പര്യപ്പെടാത്ത രീതിയിലുള്ള  ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് പ്രാദേശിക കോൺഗ്രസ് നേതാവ് റിനിലും സംഘവും ഓഫീസിൽ കയറി എന്താണ് സംഭവിക്കുന്നത് എന്ന് അന്വേഷിച്ചത്. 

എസ്ഐആറിന്റെ ഒരുപാട് പേപ്പറുകൾ ഉള്ളത് കാരണം ഓഫീസ് അടച്ചിട്ട് ജോലി ചെയ്യുകയാണ് എന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം.വാതിൽ അടച്ചിട്ട് ജോലി ചെയ്യുന്നതിനെ ന്യായീകരിക്കാൻ ഉദ്യോഗസ്ഥൻ വീണ്ടും ന്യായങ്ങൾ നിരത്തിയെങ്കിലും ഇത്തരം പ്രവർത്തികൾ അനുവദിക്കാനാവില്ല എന്നായിരുന്നു നിലപാട്. പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് സ്കോളർഷിപ്പിന് വരുമാന സർട്ടിഫിക്കറ്റിനായി എത്തിയാൽ കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് 800 രൂപ വച്ച് 25 ദിവസത്തെ കണക്കാക്കി ഒരു വർഷത്തെ വരുമാനം എഴുതി കൊടുക്കുന്ന നടപടിക്കെതിരെയും ആക്ഷേപം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *