ചളിക്കുളമായി പട്ടാമ്പി പെരിന്തൽമണ്ണ പാത. വെള്ളക്കെട്ട് ഒഴിവാക്കാൻ നടത്തുന്ന പ്രവൃത്തികളുടെ ഭാഗമായി പൊളിച്ചിട്ടയിടത്താണ് കനത്ത മഴയിൽ ചളികെട്ട് രൂക്ഷമായത്. ഇതോടെ ദുരിതം ഇരട്ടിയായി. ആഴ്ചകൾക്ക് മുൻപ് ഇവിടെ വെള്ളം കെട്ടിനിന്ന് കുഴികൾ രൂപപ്പെടുകയും വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറ്റകുറ്റപണികൾ ആരംഭിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന ഇൻ്റർലോക്ക് കട്ടകൾ നീക്കം ചെയ്തിരുന്നു. ഇവിടെയാണിപ്പോൾ മഴയിൽ വെള്ളക്കെട്ട് രൂപംകൊള്ളുന്നത്. റോഡിന് ഇരുഭാഗത്തും വലിയ കെട്ടിടങ്ങൾ വന്നതും ഇവിടെ ഉള്ള അഴുക്കുചാൽ അടഞ്ഞതും കാരണം വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടതാണ്  വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം. വെള്ളക്കെട്ട് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് അറ്റകുറ്റ പണികൾ ആരംഭിച്ചത്. എന്നാൽ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നതായും ആക്ഷേപമുണ്ട്. നിരവധി വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്ന പ്രധാന പാതയിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തികൾ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *