കുലുക്കല്ലൂർ പഞ്ചായത്തിലെ മപ്പാട്ടുകരയിൽ റെയിൽവേ അണ്ടർ ബ്രിഡ്ജ് വേണമെന്നുള്ളത് പതിറ്റാണ്ടുകൾ ഉള്ള ആവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഇടപെടലിൽ ഇവിടെ അണ്ടർ ബ്രിഡ്ജ് നിർമ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. കിഴക്കേ മപ്പാട്ടുകരയെയും പടിഞ്ഞാറെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന മപ്പാട്ടുകര ബ്രിഡ്ജിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തിയായതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. അടിപ്പാതയുടെ നിർമ്മാണത്തിനായി 4,24,25,605 രൂപ കഴിഞ്ഞ വർഷം ഡിസംബർ തന്നെ സതേൺ റെയിൽവേയ്ക്ക് സംസ്ഥാന സർക്കാർ കൈമാറിയിട്ടുണ്ട്. ഇതിനിടെ നിരക്കുകളിൽ വന്ന മാറ്റം കാരണം പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 6.23 കോടി രൂപയായി ഉയർന്നിട്ടുണ്ട്. എന്നാൽ പുതുക്കിയ ഭരണാനുമതിക്കായി കാത്തുനിന്ന് പദ്ധതി വീണ്ടും വൈകിപ്പിക്കാതിരിക്കാൻ, നിലവിൽ അനുവദിച്ച തുകയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായ സാഹചര്യത്തിൽ, ടെൻഡർ ബോർഡിന്റെ ഔദ്യോഗിക അനുമതി ലഭിച്ചാലുടൻ തന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.

