പാലക്കാട് പട്ടാമ്പിയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കോയമ്പത്തൂർ സ്വദേശി ജസ്റ്റിൻ സുന്ദർ സിംഗിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂണിലാണ് പട്ടാമ്പി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവിനെ തിങ്കളാഴ്ച രാത്രി പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി മോഷണം നടത്തിയ സ്ഥാപനങ്ങളിൽ തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയതിന്റെ വിവരങ്ങൾ പോലീസിനോട് വിശദീകരിച്ചു. ജൂൺ 23ന് രാത്രി പട്ടാമ്പി കമാനത്തിന് സമീപത്തെ രണ്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ജൂൺ 30ന് മേലെ പട്ടാമ്പി എസ് ബി ഐ ബാങ്കിന് സമീപത്തെ മൂന്ന് സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. സബ് ഇൻസ്പെക്ടർമാരായ ശ്രീലാലിൻറെയും ബൈജുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.



