പാലക്കാട് കഞ്ചിക്കോട് ഗവ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളെ കായിക അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നടപടിക്കൊരുങ്ങി ബാലാവകാശ കമ്മീഷൻ. തെളിവെടുപ്പിനായി സ്കൂളിൽ സന്ദർശനം നടത്തി. പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ കഞ്ചിക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സന്ദർശനം നടത്തിയത്. ആറാം ക്ലാസ് വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയിട്ടുള്ളത്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവം വാർത്തയായതിന് പുറകെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്‌കൂളിലെത്തിയത്. അംഗങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് തെളിവെടുത്തു. അഡ്വക്കേറ്റ് ബി മോഹൻ കുമാർ, ഡോക്ടർ എഫ് വിൽസൺ, കെ കെ ഷാജു എന്നിവർ അടങ്ങിയ സംഘമാണ് സ്കൂൾ സന്ദർശിച്ചത്. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കായിക അധ്യാപകനെ പട്ടാമ്പി ഗവൺമെൻറ് ഹൈസ്കൂളിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഇയാൾ ഓർഡർ കൈപ്പറ്റാൻ തയ്യാറായിട്ടില്ല. നിലവിൽ അധ്യാപകൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. പിടി പിരീഡിൽ ഫുട്ബോള്‍ കളിക്കാൻ പോയി എന്നാണ് അധ്യാപകൻ ആരോപിക്കുന്ന കുറ്റം. 26 വിദ്യാര്‍ത്ഥികളെയാണ് ചൂരൽ കൊണ്ട് അധ്യാപകൻ അതിക്രൂരമായി മര്‍ദിച്ചത്. ചില കുട്ടികളുടെ വിരൽത്തുമ്പിലാണ് അടി കൊണ്ടത്. അസഹ്യമായ വേദനയുണ്ടായി എന്ന് വിദ്യാര്‍ത്ഥികള്‍ പാതിയിൽ പറയുന്നു.




