പാലക്കാട് കുലുക്കല്ലൂരിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ജൂൺ 12നാണ് കുലുക്കല്ലൂർ ചുണ്ടമ്പറ്റയിലെ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ മോഷണം നടന്നത്. പതിനേഴായിരത്തോളം രൂപ വിലവരുന്ന സാധന സാമഗ്രികളാണ് മോഷണം പോയത്. ഉടമ രജീഷ് ഷട്ടർ താഴ്ത്തി പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. കവർച്ച നടത്തിയ മൂന്നാസംഘം ബൈക്കിൽ കടന്നുകളയുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സംഭവത്തിൽ കൊപ്പം പോലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇപ്പോൾ മൂന്നാമനും പിടിയിലായത്. ചെമ്മലശ്ശേരി സ്വദേശി 36 കാരൻ ഷെഫീഖിനെ കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പം പോലീസ് സബ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, SCPO ശ്രീകുമാർ, രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

