കൊപ്പം പേങ്ങാട്ടിരി പാതയിൽ വഴി തെറ്റിവന്ന കണ്ടെയ്നർ ലോറി വഴിയിൽ കുടുങ്ങി. കുലുക്കല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. ഇതോടെ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ബുധനാഴ്ച രാവിലെയാണ് സംഭവം. കുലുക്കല്ലൂർ റെയിൽവേ ഗേറ്റിന് സമീപത്താണ് ലോറി വഴിയിൽ കുടുങ്ങിയത്. ചെർപ്പുളശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ലോറി.

ചൊവ്വാഴ്ച രാത്രിയോടെയാണ് ലോറി ഇവിടെ എത്തിയത്. ഗൂഗിൾ മാപ്പ് നോക്കിയോ മറ്റോ വഴി തെറ്റി ഈ ഇടുങ്ങിയ പാതയിലേക്ക് കയറുകയായിരുന്നുവെന്ന് കരുതുന്നു. കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് കടന്നു പോകാൻ സാധിക്കില്ലെന്ന് കണ്ടതോടെ തിരിച്ച് ചെർപ്പുളശ്ശേരിയിലേക്ക് തന്നെ പോകാനുള്ള ശ്രമത്തിനിടെയാണ് അപകടം.

ലോറി തിരിക്കുമ്പോൾ മുൻഭാഗത്തെ ക്യാബിന്റെ ചക്രങ്ങൾ റോഡരികിലെ മണ്ണിൽ താഴുകയായിരുന്നു. വലിയ കണ്ടെയ്നർ ലോറി റോഡിന് ക്രോസ് ആയി നിന്നതോടെ പാത പൂർണമായും അടഞ്ഞു. ഒരു വശത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി.

രാവിലെ തന്നെ സംഭവിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാഹനങ്ങൾ, ജോലിക്ക് പോകുന്നവരുമായി പോയ സ്വകാര്യ ബസുകൾ, മറ്റ് ചെറുവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെട്ടു. വിദ്യാർത്ഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടി.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും ഡ്രൈവറും ചേർന്ന് ലോറി നീക്കാൻ ശ്രമിച്ചെങ്കിലും ചക്രങ്ങൾ മണ്ണിൽ ആഴ്ന്നിറങ്ങിയതിനാൽ സാധിച്ചില്ല. ഭാരമേറിയ കണ്ടെയ്നർ ആയതിനാൽ തള്ളി നീക്കാനും കഴിഞ്ഞില്ല.

തുടർന്ന് രാവിലെ 11 മണിയോടെ JCB എത്തിച്ചാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. JCB ഉപയോഗിച്ച് ക്യാബിൻ വലിച്ച് മണ്ണിൽ നിന്ന് കയറ്റി റോഡിലേക്ക് എത്തിച്ചതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കൊപ്പം – പേങ്ങാട്ടിരി പാത വീതി കുറഞ്ഞതും റെയിൽവേ ഗേറ്റ് ഉള്ളതും കാരണം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടാണ്. വഴി അറിയാതെ വലിയ ലോറികൾ ഇതുവഴി വരുന്നത് പതിവാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇടുങ്ങിയ റോഡിൽ വലിയ വാഹനങ്ങൾക്ക് പ്രവേശനം നിയന്ത്രിക്കാൻ ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *