കുലുക്കല്ലൂർ പഞ്ചായത്തിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുലുക്കല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയ ധർണ്ണ നടത്തി.
സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ, രൂക്ഷമായ തെരുവുനായ ശല്യം, പൊതുജനങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ, തെരുവുവിളക്കുകളുടെ അപര്യാപ്തത, വികസന മുരടിപ്പ്, ഭരണരംഗത്തെ വീഴ്ചകൾ, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത്.
ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കുലുക്കല്ലൂർ പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതി കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടുവെന്നും, വികസന പ്രവർത്തനങ്ങൾ വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
കൊപ്പം മണ്ഡലം പ്രസിഡന്റ് രാജകുമാരൻ ആമുഖപ്രഭാഷണവും വിഷയാവതരണവും നടത്തി. പഞ്ചായത്തിലെ മിക്ക റോഡുകളും തകർന്നു കിടക്കുകയാണ്. ഒരു മഴ പെയ്താൽ പോലും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുവിളക്കുകൾ കത്താത്തതിനാൽ രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. തെരുവുനായ്ക്കളുടെ ശല്യം മൂലം സ്കൂൾ വിദ്യാർത്ഥികളും ഇരുചക്ര വാഹന യാത്രക്കാരും ഭീതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ കെ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണത്തിൽ സ്വജനപക്ഷപാതം വ്യാപകമാണെന്നും അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി സുമ ബാബു, മുൻ സംസ്ഥാന സമിതി അംഗം ടി. രാജൻ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എം ഹരിദാസ്, വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ധർണ്ണയിൽ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും ധർണ്ണയിൽ പങ്കെടുത്തു. ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി കുലുക്കല്ലൂർ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

