പള്ളിപ്പുറം: ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരുതൂർ ഗ്രാമപഞ്ചായത്തിൽ തൂഫാൻ ഗ്രാമസഭയും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ലഹരി മാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്. പരുതൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നിഷ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ പിടിയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും നാടിന്റെയും കടമയാണെന്ന് അവർ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ പഞ്ചായത്ത് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രാമസഭകളിലൂടെ ഓരോ വീട്ടിലും ഈ സന്ദേശം എത്തിക്കാനാണ് തൂഫാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസിഡണ്ട് വ്യക്തമാക്കി.
ചടങ്ങിൽ വികസനകാര്യ സമിതി ചെയർപേഴ്സൺ പി. രമണി അധ്യക്ഷയായി. ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം ബോധവൽക്കരണ ക്ലാസുകൾ ഏറെ പ്രധാനമാണെന്ന് അവർ പറഞ്ഞു.
തുടർന്ന് ലഹരിക്കെതിരെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വസന്തകുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള രാസലഹരികൾ എങ്ങനെയാണ് യുവാക്കളെ കാർന്നുതിന്നുന്നത് എന്നും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. ലഹരി വിൽപ്പന നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചാൽ പൊതുജനങ്ങൾ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഇന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പോലും ലഹരി വ്യാപനം വർദ്ധിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ക്ലാസിൽ പറഞ്ഞു. കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സമിതി ചെയർമാൻ എം.പി. മുഹമ്മദലി, ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ, പഞ്ചായത്ത് അംഗം റിഷാദ് ബാബു, പഞ്ചായത്ത് സെക്രട്ടറി ശ്രീപ്രിയ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് അവർ ആഹ്വാനം ചെയ്തു.
പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

*ഇതും വായിക്കുക:* <a href=”https://samakalikamonline.in/%e0%b4%b0%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b5%bc-%e0%b4%ae%e0%b4%b2%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4/”>രായിരനെല്ലൂർ മലകയറ്റത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു</a>
