പട്ടാമ്പി മുതൽ ചാലിശ്ശേരി വരെയുള്ള 14 കിലോമീറ്റർ റോഡിലെ കുണ്ടും കുഴിയും കാരണം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ബസ് ഉടമകൾ. റോഡ് നന്നാക്കിയില്ലെങ്കിൽ ഒക്ടോബർ 26 തിങ്കളാഴ്ച സൂചനാ സമരം നടത്തുമെന്നും തുടർന്നും നടപടിയില്ലെങ്കിൽ നവംബർ 2 മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവെക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.
അഞ്ച് പഞ്ചായത്തുകളിലെ യാത്രക്കാരും സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. നൂറിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഈ റൂട്ടിൽ 20 ഓളം സ്കൂളുകളും എഞ്ചിനീയറിംഗ് കോളേജുകളും പാരലൽ കോളേജുകളും സ്ഥിതി ചെയ്യുന്നുണ്ട്.
നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബസ് ഉടമകൾ പറയുന്നു. റോഡിലെ കുഴികൾ കാരണം ബസുകളുടെ ടയർ, ലീഫ്, ചെയ്സ്, ഫുട്ബോർഡ്, ബോഡി എന്നിവ സ്ഥിരമായി കേടുവരികയാണ്. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്.
കുഴികൾ നിറഞ്ഞ റോഡിൽ ബസുകൾ പലപ്പോഴും ബസ് സ്റ്റാൻഡിൽ നിന്നും സ്റ്റോപ്പുകളിൽ നിന്നും കൃത്യമായി ആളുകളെ കയറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ഇതും വരുമാന നഷ്ടത്തിന് കാരണമാകുന്നു. റോഡിലൂടെ ബസ് പോകുമ്പോൾ ചെളിയും കല്ലുകളും തെറിച്ച് കാൽനടയാത്രക്കാർക്ക് അപകടം ഉണ്ടാകുന്നതും ബസ്സുകാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഹനങ്ങൾ തമ്മിലുള്ള അപകടങ്ങളും ഈ റൂട്ടിൽ പതിവാണ്.
ഇതിനൊരു പരിഹാരം കാണുന്നതിനായി 31-08-2026ന് തൃത്താല എംഎൽഎ, കെഎസ്ടിപി ഉദ്യോഗസ്ഥർ, കരാറുകാർ, പോലീസ്, ബസ് ഉടമകൾ, തൊഴിലാളികൾ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന യോഗം ചേർന്നിരുന്നു. യോഗത്തിൽ റോഡിലെ കുഴികൾ പൂർണമായി അടച്ചുതരാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ കുഴികൾ അടച്ചിട്ടില്ലെന്നും നൽകിയ വാക്ക് പാലിച്ചിട്ടില്ലെന്നും ബസ് ഉടമകൾ ആരോപിക്കുന്നു. കൂടാതെ റോഡിൽ കൾവർട്ട് പൊട്ടിയതിനെ തുടർന്ന് റോഡ് ബ്ലോക്കും സമയത്ത് ഓടിയെത്താൻ കഴിയാത്തതും വാക്കുതർക്കങ്ങൾക്കും കാരണമാകുന്നു.
അതിനാൽ റോഡിലെ കുഴികൾ അടച്ച് ശാശ്വത പരിഹാരം ഉണ്ടാക്കി തരണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. അല്ലാത്ത പക്ഷം ഒക്ടോബർ 26 തിങ്കളാഴ്ച സൂചനാ സമരം നടത്തുമെന്നും തുടർന്നും പരിഹാരമായില്ലെങ്കിൽ പട്ടാമ്പി മുതൽ ചാലിശ്ശേരി വരെ നവംബർ 20 മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവെക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.

