തിരുമിറ്റക്കോട് കറുകപുത്തൂർ ക്വാറിയിൽ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ ഡ്രൈവർ അബു താഹിറിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് നിന്നെത്തിയ സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് ചളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. തിരുമിറ്റക്കോട് കറുകപുത്തൂർ അകിലാണത്ത് പ്രവർത്തിക്കുന്ന പോപ്പുലർ ക്വാറിയിൽ മണ്ണടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഡ്രൈവറും ലോറിയും 40 അടിയിലേറെ ആഴമുള്ള വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.

അപകടം നടന്നയുടൻ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. 3 ക്രെയിനുകൾ എത്തിച്ച് 15 മണിക്കൂറിലേറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്തിയത്.

വെള്ളക്കെട്ടിൽ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു ലോറി. ആദ്യം ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും ക്രെയിനിന്റെ കൊളുത്ത് പൊട്ടിപ്പോയി. തുടർന്ന് ഇരുമ്പ് റോപ്പും ചങ്ങലയും ഹിറ്റാച്ചിയും ഉപയോഗിച്ച് ഏറെ പരിശ്രമത്തിനൊടുവിലാണ് ലോറി വെള്ളത്തിന് മുകളിലേക്ക് ഉയർത്താൻ സാധിച്ചത്. എന്നാൽ ലോറിക്കുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല.

ഇതോടെയാണ് കോട്ടയത്ത് നിന്ന് വിദഗ്ധരായ സ്കൂബ ഡൈവിംഗ് സംഘത്തെ എത്തിച്ചത്. ഇവർ നടത്തിയ വിശദമായ പരിശോധനയിലാണ് ക്വാറിയുടെ അടിത്തട്ടിലെ ചളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ലോറി മറിഞ്ഞപ്പോൾ ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണതാകാമെന്നാണ് നിഗമനം.

മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വടക്കേക്കര സ്വദേശിയാണ് മരണപ്പെട്ട അബു താഹിർ.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്വാറിയുടെ സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *