ചാലിശ്ശേരി പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് നഴ്സിന് അണലിക്കടിയേറ്റത്. ചാവക്കാട് സ്വദേശിനിയും കഴിഞ്ഞ രണ്ടര വർഷമായി ആരോഗ്യകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചുവരികയുമായിരുന്ന മിസിരിയയ്ക്കാണ് ബുധനാഴ്ച രാവിലെ ആശുപത്രി വളപ്പിൽവെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ മിസിരിയയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന ഇവർ അപകടനില തരണം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. അൺനോൺ ബൈറ്റ്’ വിഭാഗത്തിൽപ്പെടുത്തിയാണ് ചികിത്സ നൽകിയത്. പാമ്പ് തന്നെയാണോ കടിച്ചതെന്ന് ആശുപത്രി അധികൃതർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആന്റിവെനം ഉൾപ്പെടെയുള്ള ആവശ്യമായ ചികിത്സാ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.നിലവിൽ മിസ്സിരിയ പൂർണമായും സുഖം പ്രാപിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി വാർഡിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്ന ഇവരെ ആരോഗ്യനില തൃപ്തികരമായതിനാലാണ് ഇന്ന് ഡിസ്ചാർജ് ചെയ്യുന്നത്. ആശുപത്രിയുടെ പിന്നാമ്പുറത്തെ പൊന്തക്കാടിന് സമീപത്തുവെച്ചാണ് മിസിരിയയ്ക്ക് അണലിയുടെ കടിയേറ്റത്. ആശുപത്രി വളപ്പിൽ മുറിച്ചുമാറ്റിയ മരങ്ങൾ ആഴ്ചകളായി നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നതാണ് പാമ്പുകൾ തമ്പടിക്കാൻ കാരണമായതെന്നും ഇതാണ് അപകടത്തിന് വഴിവെച്ചതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. വലിപ്പമേറിയ അണലിയാണ് കടിച്ചതെന്നാണ് പറയപ്പെടുന്നത്. അതിനാൽ സമീപത്ത് അതിന്റെ കുഞ്ഞുങ്ങളും ഉണ്ടായിരിക്കാമെന്ന ആശങ്ക പ്രദേശവാസികൾ പങ്കുവയ്ക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *