വർഷങ്ങളായി വളരെ ശോചനീയാവസ്ഥയിൽ ആയ കെട്ടിടത്തിലാണ് തൃത്താല പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചുവന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അത്യാധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിലവിൽ പഴയ കെട്ടിടത്തിൽ തന്നെയാണ് തുടരുന്നത്. പുതിയ സർക്കാർ വന്നതിന് ശേഷമാണ് ഇപ്പോൾ ആശുപത്രി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാൻ തീരുമാനമെടുത്തത്. ഇതിൻറെ ഭാഗമായി വി ടി ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. താൽക്കാലിക വൈദ്യുതി കണക്ഷൻ നൽകി ആശുപത്രി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള നടപടി വേഗത്തിലാക്കാൻ എംഎൽഎ നിർദ്ദേശം നൽകി. ഇതോടൊപ്പം പദ്ധതിയിൽ ഉൾപ്പെടുത്തിയ ബാക്കി പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാനും തീരുമാനിച്ചു. കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 12 കോടി കോടി രൂപയിൽ നിന്നും 9 കോടിക്കുള്ള പ്രവർത്തികൾ പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കെട്ടിടം കൈമാറിയിരുന്നു. ബാക്കിവരുന്ന പ്രവേശന കവാടം, ചുറ്റുമതിൽ, പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ, അപ്പ്രോച്ച് റോഡ്, കെട്ടിടത്തിനു മുൻവശത്ത് കട്ട വിരിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉടനെ നടത്തുവാനും എംഎൽഎ നിർദേശം നൽകി. തൃത്താല പഞ്ചായത്ത് പ്രസിഡൻറ് ജയന്തി വിജയകുമാർ, വൈസ് പ്രസിഡണ്ട് കെ.സുജാത, തദ്ദേശ സാരഥികളായ പി. ദിവ്യ, പത്തിൽ അലി, പ്രിയ പ്രമോദ്, അനീസ് മാട്ടായ, രേഖ മണികണ്ഠൻ, മെഡിക്കൽ ഓഫീസർ ബിജുമോൻ ജോസഫ്, പിഡബ്ല്യൂഡി ഉദ്യോഗസ്ഥരായ എസ്.എസ്.ബാബുരാജ്, എം.സുരേഷ് ബാബു,കെഎസ്ഇബി തൃത്താല അസിസ്റ്റന്റ് എൻജിനീയർ സുനീഷ്, പി. വി. മുഹമ്മദ്അലി, എം. മണികണ്ഠൻ, ഇ. രാജേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു




