പട്ടാമ്പി പെരിന്തൽമണ്ണ പാതയിൽ മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനാണ് റോഡ് ഉയർത്തി ഇൻ്റർലോക്ക് കട്ടവിരിക്കൽ പ്രവൃത്തി ആരംഭിച്ചത്. ജൂലൈ 15 നു രാത്രി പഴയ റോഡ് പൊളിച്ചിട്ടു. പിന്നീട് 3 ദിവസം കഴിഞ്ഞാണ് ഒരു ഭാഗത്ത് കട്ട വരികൾ ആരംഭിച്ചത്. കട്ടവിരിക്കലും കോൺക്രീറ്റിങ്ങും പൂർത്തിയാകുന്നത് വരെ ഒരു ഭാഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടുന്നത് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമായി. ഇത് നിരവധി പ്രക്ഷോഭങ്ങൾക്കും സ്വകാര്യ ബസുകളുടെ മിന്നൽ സമരത്തിനുമൊക്കെ കാരണമായി. ഇതോടെ പ്രവർത്തികൾ വേഗത്തിലായി. ഒരു ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയായതോടെ അതിലൂടെ വാഹനങ്ങൾ കടത്തിവിടുകയും ഒപ്പം തന്നെ മറുഭാഗത്ത് പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ 3 ദിവസങ്ങളെടുത്ത പ്രവൃത്തി രണ്ടാം ഘട്ടത്തിൽ ഒറ്റ രാത്രികൊണ്ടാണ് പൂർത്തിയാക്കിയത്. ഇനി സൈഡ് കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തിയാകുന്നതോടെ പൂർണ്ണമായും ഗതാഗതം ആരംഭിക്കും. പ്രവൃത്തികൾ വേഗത്തിലായതോടെ ഗതാഗത കുരുക്കിനും അല്പം അയവുണ്ട്.

