പാലക്കാട് അഞ്ചുമൂർത്തി മംഗലത്ത് ബസ്സിന് പിന്നിൽ ലോറിയിടിച്ച് അപകടം. 11 പേർക്ക് പരിക്കേറ്റു. കാലത്ത് ഏഴരയോടെയാണ് സംഭവം. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ദേശീയപാതയിൽ ആളെ കയറ്റാനായി നിർത്തിയപ്പോൾ പിന്നിൽ വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ പിൻവശത്തുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ലോറിയുടെ മുൻഭാഗത്തെ ക്ലീനറും ഡ്രൈവറും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറി വലതുവശത്തെ ദേശീയപാത ട്രാക്കും കടന്ന് മറുവശത്തെ സർവീസ് റോഡിൽ എത്തിയാണ് നിന്നത്. ബസ് ഇടതുവശത്തെ സർവീസ് റോഡിലേക്കും കയറിയിറങ്ങി. സ്കൂൾ ടൈം ആയതിനാൽ ബസ്സിന്റെ പിൻവശത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു എന്നാണ് വിവരം. ദേശീയപാതയിൽ തന്നെ വാഹനം നിർത്തിയിട്ട് ആളെ ഇറക്കി കയറ്റുന്ന രീതി ഇവിടെ സ്ഥിരം സംഭവമാണ്. ഇതുമൂലം നിരവധി അപകടങ്ങൾ ഈ ഭാഗത്ത് മുൻപും ഉണ്ടായിട്ടുണ്ട്. നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് താൽക്കാലികമായി സർവീസ് റോഡ് വഴി വാഹനങ്ങളെ നിയന്ത്രിക്കും എന്നതിനപ്പുറം മറ്റൊരു നടപടിയും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്.




