തൃത്താല മേഴത്തൂർ സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പൊന്നാനി സ്വദേശി ഓടിച്ചിരുന്ന കാറിലാണ് തീ പടർന്നത്.
യാത്രയ്ക്കിടെ കാറിന്റെ ബോണറ്റിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം ഒതുക്കി പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
തീ ആളിപ്പടരുന്നത് കണ്ട ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയും തുടർന്ന് തീ പൂർണ്ണമായും അണയ്ക്കുകയുമായിരുന്നു. കാറിന്റെ മുൻഭാഗം ഭാഗികമായി കത്തിയിട്ടുണ്ട്.
