സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങളെ ചൂഷണം ചെയ്യുന്ന വട്ടിപ്പലിശക്കാരിൽ നിന്നും പാലക്കാട് ജില്ലയെ മോചിപ്പിക്കുമെന്നു പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സാധാരണക്കാരായ വീട്ടമ്മമാരും പാവപ്പെട്ടവരുമാണ് അയൽ സംസ്ഥാനക്കാരായ വട്ടിപലിശക്കാരുടേയും ഓൺലൈൻ ആപ്പുകളുടേയുമെല്ലാം ചൂഷണത്തിന് കൂടുതലായും വിധേയമാവുന്നത്.ഇവരിൽ നിന്നും ഘട്ടം ഘട്ടമായുള്ള മോചനമാണ് പലിശരഹിതമായും കുറഞ്ഞ പലിശ നിരക്കിലുമുള്ള സമഗ്ര 2026 വായ്പയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും ‘സമഗ്ര 2026’ ന്റെ രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനത്തിനായുള്ള സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.
വനിതകൾക്കാണ് ഇപ്പോൾ സമഗ്ര വായ്പാ നൽകി വരുന്നത് .സ്ത്രീകളിലൂടെ കുടുംബത്തിന്റെ സാമ്പത്തിക സംരക്ഷണം കൂടി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും .ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകൾക്കും പലിശരഹിത വായ്പകളും തുച്ഛമായ പലിശ നിരക്കിലുള്ള വായ്പകളും സമഗ്ര 2026 ലൂടെ വിതരണം ചെയ്യും.അടുത്ത ഘട്ടത്തിൽ സമഗ്ര വായ്പാ പദ്ധതി പുരുഷന്മാർക്കു കൂടി അനുവദിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ വായ്പാ പദ്ധതി പുരുഷന്മാർക്കും ഉപയോഗപ്രദമാകുന്ന നിലയിൽ വേഗത്തിൽ പരിഷ്കരിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത പാലക്കാട് എം പി വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു. തുടർന്ന് സമഗ്ര 2026 കൈപ്പുസ്തകം പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻഎം ഡി കെ. അഞ്ജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ എ. പ്രഭാകരൻ, പി. പി. സുമോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അബ്ദുൽ ലത്തീഫ്, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ കെ. ദേവകി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സമഗ്ര :രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനം പറളിയിൽ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ ‘സമഗ്ര 2026’ ന്റെ രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനം സെപ്റ്റംബർ 24ന് പറളി കൺവെൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ് ഘാടനം ചെയ്യും.പ്രിയങ്കാ ഗാന്ധി എം പി ചടങ്ങിൽ മുഖ്യാതിഥിതിയാകും. പിന്നാക്ക-മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന സമഗ്രയിലൂടെ 100 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് വിതരണം ചെയുന്നത് .പാലക്കാട് ജില്ലയിൽ മാത്രം അന്നേദിവസം 50 കോടി രൂപയുടെ വായ്പാ വിതരണമാണ് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 50-ലധികം കുടുംബശ്രീ സി.ഡി.എസുകളിലും എൻ.ജി.ഒകളിലും ഉൾപ്പെട്ട 15,000-ത്തിലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം നേരത്തെ പൂർത്തിയാക്കിയിരുന്നു.
സംഘാടക സമിതി രൂപീകരിച്ചു
സമഗ്ര 2026′ ന്റെ രണ്ടാം ഘട്ടവായ്പാ വിതരണോദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു .ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം പി ചെയർമാനായും ജില്ലയിലെ നിയമസഭാംഗങ്ങൾ വൈസ് ചെയർമാന്മാരായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് പി രാജു കൺവീനറായാണ് സ്വാഗതസംഘം രൂപീകരിച്ചത്. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ. എ. തുളസി, എം പി മാരായ കെ. രാധാകൃഷ്ണൻ, അബ്ദുസമദ് സമദാനി, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ അഞ്ജു എന്നിവരാണ് രക്ഷാധികാരികൾ. നഗരസഭാ അധ്യക്ഷന്മാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ജോയിന്റ് കൺവീനർമാർ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സമിതിയിൽ അംഗങ്ങളാകും.


