പാലക്കാട് നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരി മരിച്ചു. 72 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.നിരവധിപേർക്ക് പരിക്കേറ്റു. അപകടത്തിൽ ബസിന് മുന്നിലിരുന്ന നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ സ്ഥിരം ജീവനക്കാരി പുലിയമ്പാറ സ്വദേശി ജയന്തി ആണ് മരിച്ചത്. നെല്ലിയാമ്പതി സ്വദേശി കലാവതിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്തുവെച്ചാണ് ജയന്തി മരിച്ചത്. മുന്‍ ഭാഗത്ത് ചില്ലിന്റെ ഭാഗത്തായിരുന്നു ഇവർ ഇരുന്നത്. ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വാഹനം ഒതുക്കാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് ഇറങ്ങി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ബസ്സിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. സംഭവ സമയം നല്ല മഴയുണ്ടായിരുന്നു. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് അടുത്തായിട്ടാണ് അപകടം എന്നാണ് അറിവ്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടന്നു.


