കുടിവെള്ള വിതരണം, ജലജീവന്‍ മിഷൻ, റോഡ് തകർച്ച എന്നീ വിഷയങ്ങൾ പ്രധാന ചർച്ചയാക്കി പ്രതിമാസ പട്ടാമ്പി താലൂക്ക് വികസന സമിതി യോഗം ചേർന്നു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എപി രാമദാസ് മാസ്റ്റർ അധ്യക്ഷനായി. മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്. പ്രധാനമായും വേനൽ അടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണ പ്രതിസന്ധി സംബന്ധിച്ചായിരുന്നു ചർച്ച. പലയിടങ്ങളിലും പൈപ്പിടൽ പ്രവർത്തികൾ പൂർത്തിയായിട്ടില്ലെന്നും കുടിവെള്ളം ലഭ്യമാക്കാത്ത സാഹചര്യമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട്മാർ പറഞ്ഞു. വിളയൂർ, തിരുവേഗപ്പുറ, കുലുക്കല്ലൂർ, കൊപ്പം പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്നത്തിന് വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് കൊപ്പം കേന്ദ്രമായി വാട്ടർ അതോറിറ്റി ഓഫീസ് വേണമെന്ന് കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് വി എം മുഹമ്മദലി മാസ്റ്റർ ആവശ്യപ്പെട്ടു.റോഡരികിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ, ജലജീവന്‍ മിഷൻ പൈപ്പിൽ പ്രവർത്തികൾ, റോഡ് റീസ്റ്റോറേഷൻ, റോഡ് നവീകരണം, ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ നടന്നു. പട്ടാമ്പി നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ജയന്തി വിജയകുമാർ, നസീമാ നാസർ, വി ജമീല ടീച്ചർ, റംല വീരാൻകുട്ടി, അഡ്വക്കേറ്റ് നിഷ വിജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മയിൽ വിളയൂർ, തഹസിൽദാർ ടി സുജിത്, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

