പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തേ കോടതി അറിയിച്ചിരുന്നത്. തുടർന്ന് ഇന്ന് ശിക്ഷാവിധി കേൾക്കാനായി അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (4) ജഡ്ജി കെന്നത്ത് ജോർജ് മുൻപാകെ ചെന്താമരയെ കൊണ്ടുവന്നിരുന്നു. എന്നാൽ കോടതി നടപടികൾക്കു ശേഷം ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.
ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദിവസം എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിനു തന്നെ തൂക്കിക്കൊന്നോളൂ എന്ന് ചെന്താമര പറഞ്ഞിരുന്നു. കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം. ഇന്ന് കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴും തിരികെ പോയപ്പോഴും ചെന്താമര മാധ്യമങ്ങളോടു പ്രതികരണമൊന്നും നടത്തിയില്ല.
പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27ന് ആയിരുന്നു. 2026 ഫെബ്രുവരി 23നാണ് വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്ക് വായിച്ചു കേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. കേസിൽ കഴിഞ്ഞ ആഴ്ചയോടെയാണ് അന്തിമ വാദങ്ങൾ പൂർത്തിയാക്കിയത്.
കൊലപാതകങ്ങൾക്കു ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. 2025 ഒക്ടോബർ 18നു സുധാകരന്റെ ഭാര്യയായ സജിതയെ വധിച്ചതിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം.

