റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പട്ടാമ്പി – ചാലിശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ നടത്തിയ സൂചനാ സമരത്തിൽ വലഞ്ഞ് യാത്രക്കാർ. ബസ് തൊഴിലാളി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ച സമരം നടന്നത്.

പട്ടാമ്പി മുതൽ ചാലിശ്ശേരി വരെയുള്ള 14 കിലോമീറ്റർ റോഡ് പൂർണമായും തകർന്നതിനെ തുടർന്നാണ് സമരം. സമരത്തിന്റെ ഭാഗമായി പട്ടാമ്പി ഭാഗത്ത് നിന്നുള്ള സ്വകാര്യ ബസുകൾ പട്ടാമ്പി വരെയും, തൃശൂർ ഭാഗത്ത് നിന്നുള്ള ബസുകൾ ചാലിശ്ശേരി വരെയുമാണ് സർവീസ് നടത്തിയത്. ഇടയ്ക്കുള്ള 14 കിലോമീറ്ററിൽ ബസ് സർവീസ് പൂർണമായും മുടങ്ങി. ഇതോടെ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായി.

സ്കൂളുകൾക്ക് അവധിയായതിനാൽ വിദ്യാർത്ഥികൾ സമരത്തിന്റെ ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ജോലിക്ക് പോകുന്നവരും മറ്റ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും ഏറെ വലഞ്ഞു. പലരും KSRTC ബസുകളിലും അമിത നിരക്ക് നൽകി ഓട്ടോറിക്ഷകളിലുമാണ് യാത്ര ചെയ്തത്.

അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എത്തുന്നവരും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. നൂറിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഈ റൂട്ടിൽ 20-ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. റോഡിലെ വലിയ കുഴികൾ കാരണം ബസിന്റെ ടയർ, ലീഫ്, ബോഡി എന്നിവക്ക് സ്ഥിരമായി കേടുപാടുകൾ സംഭവിച്ച് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ബസ്സുടമകൾ പറയുന്നു.

ഓഗസ്റ്റ് 31ന് തൃത്താല എംഎൽഎയുടെ നേതൃത്വത്തിൽ KSTP ഉദ്യോഗസ്ഥർ, കരാറുകാർ, പൊലീസ് എന്നിവർ ചേർന്ന യോഗത്തിൽ കുഴികൾ അടച്ചുതരാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് സമരക്കാരുടെ ആരോപണം.

പട്ടാമ്പി മുതൽ ചാലിശ്ശേരി വരെയുള്ള ഭാഗത്താണ് KSTP ഫണ്ടിൽ റോഡ് നവീകരണം നടക്കുന്നത്. തകർന്നുകിടക്കുന്ന പാത നവീകരിച്ചാൽ ഏറെ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും വർഷങ്ങളായി ഈ പാതയിലൂടെ ദുരിത യാത്രയാണ് വാഹനങ്ങളും ജനങ്ങളും നടത്തുന്നത്.

സൂചനാ സമരം കണ്ടിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി എടുത്തില്ലെങ്കിൽ നവംബർ 2 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് ബസ് തൊഴിലാളി സംയുക്ത സമിതിയുടെ തീരുമാനം. ഇത് നടപ്പായാൽ ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും വലിയ പ്രതിസന്ധിയിലാകും. അടിയന്തരമായി റോഡ് നന്നാക്കാൻ സർക്കാർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *