അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശുമരണങ്ങളിൽ പ്രതിഷേധിച്ച് പാലക്കാട് DMO ഓഫീസിലേക്ക് DYFI നടത്തിയ പ്രതിഷേധ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെയാണ് DMO ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.

രാവിലെ 10 മണിയോടെ തന്നെ DYFI പ്രവർത്തകർ DMO ഓഫീസിന് മുന്നിൽ എത്തി കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചിരുന്നു. ഓഫീസ് ഉപരോധിച്ചായിരുന്നു സമരം. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

പൊലീസിന്റെ ബലപ്രയോഗത്തെ ശക്തമായി എതിർത്ത DYFI പ്രവർത്തകർ DMO യുമായി നേരിട്ട് സംസാരിക്കാൻ അവസരം ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ച നിലപാട് സ്വീകരിച്ചു. ഇതോടെ സ്ഥലത്ത് ഏറെ നേരം പ്രതിഷേധം തുടർന്നു.

തുടർന്ന് നടന്ന ചർച്ചയിൽ അട്ടപ്പാടിയിലെ നിലവിലെ ഗുരുതരമായ സ്ഥിതി DMO സമരക്കാർക്ക് വിശദീകരിച്ചു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ സന്ദർശനം നടത്തിയ LDF നേതാക്കളും എംഎൽഎമാരും കണ്ടെത്തിയ വസ്തുതകൾ DYFI പ്രവർത്തകർ DMO യുടെ മുന്നിൽ ഉന്നയിച്ചു.

ഇടത് സർക്കാർ ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് അട്ടപ്പാടിയിൽ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളും നിലവിലെ UDF സർക്കാർ അട്ടിമറിച്ചതായും സർക്കാരിന്റെ കടുത്ത അനാസ്ഥയാണ് അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്നും DYFI പ്രവർത്തകർ കുറ്റപ്പെടുത്തി.

തുടർന്ന് മാധ്യമങ്ങളോട് പ്രതികരിച്ച DYFI ജില്ലാ സെക്രട്ടറി കെ. ജയദേവൻ, അട്ടപ്പാടിയിലെ വിഷയങ്ങൾ DMO യുമായി വിശദമായി സംസാരിച്ചതായി പറഞ്ഞു. വിഷയങ്ങൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടി സ്വീകരിക്കുമെന്ന് DMO ഉറപ്പു നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അട്ടപ്പാടിയിൽ ഇനിയും ഒരു ശിശുമരണം കൂടി ഉണ്ടായാൽ DYFI യുടെ പ്രതികരണം ഇതിലും രൂക്ഷമായിരിക്കുമെന്നും, ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. ജയദേവൻ മുന്നറിയിപ്പ് നൽകി.

ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കളങ്കമാകുന്ന തരത്തിലാണ് അട്ടപ്പാടിയിൽ നിന്ന് തുടർച്ചയായി ശിശുമരണ വാർത്തകൾ പുറത്തുവരുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അട്ടപ്പാടിയിൽ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *