തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം. ക്ഷേത്രത്തിനകത്തെ ശ്രീകോവിലിന് മുന്നിൽ ഉണ്ടായിരുന്ന 2 ഭണ്ഡാരങ്ങൾ എടുത്തുകൊണ്ട് പോവുകയായിരുന്നു. പ്ലാസ്റ്റിക് സ്റ്റൂളിന് മുകളിലാണ് ഭണ്ഡാരങ്ങൾ വെച്ചിരുന്നത്. രാവിലെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തിയാണ് ക്ഷേത്രത്തിൻറെ 2 വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭണ്ഡാരങ്ങൾ നഷ്ടമായതായി അറിയുന്നത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്.എല്ലാമാസം അവസാനവും ഭണ്ഡാരം തുറന്നു പണമെടുക്കാറുണ്ട്. മാസത്തിൽ ഒരു ഭണ്ഡാരത്തിൽ നിന്നും 4000 തിന്നും 6000 ത്തിനും ഇടയിലാണ് പണം ലഭിക്കാറുള്ളത്. ഈ മാസം ആദ്യം ക്ഷേത്രത്തിൽ നവാഹ യജ്ഞം നടന്നിരുന്നു. ചടങ്ങുകളിൽ നിരവധി ഭക്തർ എത്തിയതിനാൽ അത്യാവശ്യം പണം ഭണ്ഡാരത്തിൽ ലഭിച്ചതായാണ് നിഗമനം.


