കനത്ത മഴയിലാണ് തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററി സംരക്ഷണഭിത്തി കൂടുതൽ തകർന്നത്. തകർച്ച രൂക്ഷമായി റോഡ് അടക്കം ഇടിയുന്ന സാഹചര്യം എത്തിയതോടെ ജനങ്ങളും യാത്രക്കാരും ആശങ്കയിലായി. പ്രദേശത്ത് റോഡിൻറെ പകുതി വരെ കയർ കെട്ടി ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെള്ളിയാങ്കലിന്റെ സംരക്ഷണഭിത്തി നിർമ്മാണം ഇഴഞ്ഞു നീങ്ങിയതിനാലാണ് കഴിഞ്ഞ മെയ് മാസത്തിന് മുൻപ് പ്രവർത്തി പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്ന് സ്ഥലം സന്ദർശിച്ചുകൊണ്ട് വി.ടി.ബൽറാം എംഎൽഎ ആരോപിച്ചു.പുതിയ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം ഉടൻതന്നെ കരാറുകാരെ വിളിച്ചുവരുത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കാൻ ശ്രമിച്ചു എങ്കിലും മഴമൂലം പ്രവർത്തികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായതെന്നും മഴ മാറിയാൽ വേഗത്തിൽ പ്രവർത്തികൾ പൂർത്തീകരിക്കും എന്നും VT ബൽറാം MLA പറഞ്ഞു.നിലവിൽ ഗതാഗത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും,ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വി.ടി.ബൽറാം നിർദ്ദേശിച്ചു. നിലവിൽ വലിയ കല്ലുകൾ ഉപയോഗിച്ചുകൊണ്ട് കെട്ടി താൽക്കാലിക സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കും. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ,വൈസ് പ്രസിഡന്റ് കെ.സുജാത,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പത്തിൽ അലി,പി.വി.മുഹമ്മദ് അലി,പി.മുരളി എന്നിവരും എംഎൽഎ യോടൊപ്പം സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.



