ഷൊർണ്ണൂർ കുളപ്പുള്ളി കൈത്തക്കര ജുമാ മസ്ജിദ് നിസ്ക്കാര പള്ളിയിൽ മോഷണം. ശനിയാഴ്ച പുലർച്ചെ 12-നും രണ്ടിനും ഇടയിലാണ് സംഭവം നടന്നത്. പള്ളിയുടെ പുറത്തെയും അകത്തെയും വാതിലുകൾ തകർത്താണ് രണ്ടംഗ മോഷ്ടാക്കൾ അകത്തുകടന്നത്.

പള്ളിക്കുള്ളിലുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറന്ന് ഏകദേശം 5,000-ത്തോളം രൂപ കവർന്നതായി പള്ളി കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിയിലെ സിസിടിവി ക്യാമറകളുടെ വയറിങ്ങുകൾ മോഷ്ടാക്കൾ മുറിച്ചുമാറ്റിയിട്ടുണ്ട്.

എങ്കിലും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കൾ വയറിങ് മുറിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഈ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പള്ളി കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടർന്ന് ഷൊർണ്ണൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പുലർച്ചെ സമയത്ത് ആരും ഇല്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കൾ പള്ളിയിൽ കയറിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പള്ളിയുടെ പുറത്തെ ഗേറ്റ് തകർത്ത് അകത്തുകടന്ന ശേഷം അകത്തെ വാതിലും തകർക്കുകയായിരുന്നു. ഭണ്ഡാരത്തിലെ പണം മാത്രമാണ് നഷ്ടമായതെന്നും മറ്റ് വിലപ്പെട്ട വസ്തുക്കൾ ഒന്നും നഷ്ടമായിട്ടില്ലെന്നും പള്ളി കമ്മിറ്റി അറിയിച്ചു.

പ്രദേശത്ത് ഇത്തരത്തിൽ മോഷണങ്ങൾ പതിവാകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസവും സമീപത്തെ മറ്റൊരു ആരാധനാലയത്തിൽ സമാനമായ രീതിയിൽ മോഷണ ശ്രമം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഷൊർണ്ണൂർ പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *