പട്ടാമ്പി: ‘പേവിഷബാധയില്ലാത്ത സുരക്ഷിത പട്ടാമ്പി’ എന്ന ലക്ഷ്യത്തോടെ പട്ടാമ്പി നഗരസഭ ആരോഗ്യ വിഭാഗവും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച തെരുവ് നായ വാക്‌സിനേഷൻ ഡ്രൈവിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി 215 ഓളം തെരുവ് നായകൾക്കാണ് പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവെയ്പ്പ് നൽകിയത്.   

ഇന്ന് രാവിലെ 7 മണി മുതൽ ആരംഭിച്ച ദൗത്യത്തിൽ നഗരസഭ പ്രദേശം, താലൂക്ക് ഹോസ്പിറ്റൽ പരിസരം, എം.ഇ.എസ് (MES) സ്കൂൾ പ്രദേശം, മാർക്കറ്റ് പ്രദേശം, തെക്കുംമുറി, കൊടലൂർ, മേലെ പട്ടാമ്പി, നമ്പ്രം, കിഴയൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വാക്സിനേഷൻ സംഘം നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.  

നഗരവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ-മൃഗസംരക്ഷണ മേഖലകൾ കൈകോർത്ത ഈ മഹത്തായ ദൗത്യത്തിൽ പ്രദേശവാസികളുടെ പൂർണ്ണ പിന്തുണയും സഹകരണവും ലഭിച്ചു.   ആരോഗ്യ വിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 മോഹനൻ പി.പി, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ നിഷ പി.ജി, റസിയ എം, ഡോ. മുഹ്‌സിൻ ബാബു എൻ, അറ്റൻഡർ ഫിറോസ് വി.കെ, ഡോഗ് ക്യാച്ചർ രമണി എ.ആർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് വാക്സിനേഷൻ യജ്ഞത്തിന് നേതൃത്വം നൽകിയത്.

തെരുവ് നായകളിൽ നിന്നുള്ള പേവിഷബാധ ഭീഷണി പൂർണ്ണമായി ഒഴിവാക്കുന്നതിനും സുരക്ഷിത നഗര അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി വരും ദിവസങ്ങളിലും വാക്സിനേഷൻ ഡ്രൈവിന്റെ തുടർന്നുള്ള ഘട്ടങ്ങൾ നഗരസഭയിൽ ഊർജ്ജിതമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *