പട്ടാമ്പി: വിളയൂർ കരിങ്ങനാട്ടുകുണ്ടിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ. പട്ടാമ്പി റെയ്ഞ്ച് എക്സൈസിന്റെ റെയ്ഡിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 26 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
പ്രഭാപുരം സ്വദേശി പൊട്ടച്ചിറ വീട്ടിൽ 42 വയസുകാരൻ സെക്കീർ ആണ് പിടിയിലായത്. പട്ടാമ്പി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. സുരേഷിന്റെ നേതൃത്വത്തിൽ കൊപ്പം ടൗൺ, കരിങ്ങനാട്ടുകുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
ലഹരിക്കെതിരെ എക്സൈസ് ശക്തമായ പരിശോധന നടത്തിവരുന്നതിനിടെയാണ് വിളയൂർ ഭാഗത്ത് നിന്ന് ഇയാൾ പിടിയിലാകുന്നത്. കൊപ്പം ടൗണിലും പരിസര പ്രദേശങ്ങളിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. കരിങ്ങനാട്ടുകുണ്ട് ഭാഗത്ത് സംശയാസ്പദമായി കണ്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഉണക്ക കഞ്ചാവ് ചെറിയ പൊതികളിലാക്കി വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം.
റെയ്ഡിൽ പട്ടാമ്പി റെയ്ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ കെ. വസന്തകുമാർ, ജയരാജൻ ഇ, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് ഇ. ആർ, പ്രിവന്റീവ് ഓഫീസർ ശെൽവകുമാർ എന്നിവർ പങ്കെടുത്തു.
പിടിയിലായ സെക്കീറിനെതിരെ NDPS നിയമപ്രകാരം കേസെടുത്തു. ഇയാൾക്ക് മറ്റ് ലഹരി കേസുകളിൽ പങ്കുണ്ടോ എന്നും എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്. ചെറുപ്പക്കാർക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന വലിയ ശൃംഖലയുടെ ഭാഗമാണോ ഇയാൾ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം പട്ടാമ്പി, കൊപ്പം, വിളയൂർ മേഖലകളിൽ ലഹരി വിൽപ്പന വ്യാപകമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പട്ടാമ്പി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. സുരേഷ് അറിയിച്ചു. ലഹരി വിൽപ്പനയെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ എക്സൈസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

*ഇതും വായിക്കുക:* <a href=”https://samakalikamonline.in/vadanamkurussi-kanjavu-vilpana-thadanjavarkku-kuthettu-shornur-police-arrest/”>വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടഞ്ഞവർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ</a>
